വാൻകൂവർ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുഹമ്മദ് സലയുടെയും സംഘത്തിന്റെയും വിജയം. ഈജിപ്തിന്റെ ലോകകപ്പിലെ ആദ്യ വിജയം കൂടിയാണിത്.
കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ന്യൂസിലൻഡ് ആണ് ലീഡ് നേടിയത്. ഫിൻ സർമാനാണ് കിവീസിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയ ന്യൂസിലൻഡ് ജയം സ്വപ്നംകണ്ടു.
എന്നാൽ, 58-ാം മിനിറ്റിൽ കിവീസിന്റെ നെഞ്ചുതകർത്ത് മുസ്തഫ സീക്കോയുടെ ഗോൾ. ഇരു ടീമും സമാസമം. പിന്നാലെ നായകന്റെ കളി പുറത്തെടുത്ത മുഹമ്മദ് സലയുടെ ഊഴമായിരുന്നു. 67-ാം മിനിറ്റിൽ വലതുവിംഗിൽ നിന്നും പന്തുമായി മുന്നേറിയ സല ഇടംകാലുകൊണ്ട് പന്ത് ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്തുവിട്ടു. ഈജിപ്തിന് ലീഡ്. പിന്നാലെ ട്രേസിഗുവറ്റിലൂടെ ഈജിപ്തിന്റെ മൂന്നാം ഗോൾ എത്തിയതോടെ ഈജിപ്തിന് ആവേശ ജയം.
ജയത്തോടെ നാലു പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഈജിപ്ത്. രണ്ടു പോയിന്റുകളുമായി ഇറാനും ബെൽജിയവുമാണ് തൊട്ടുപിന്നിൽ.